ശക്തിമാൻ എന്ന് കേട്ടാൽ പലർക്കും അവരുടെ പഴയ കാലമാണ് ഓർമ്മയിലേക്ക് വരുക. കുട്ടിക്കാലം കളറുറ്റതാക്കിയ ഇന്ത്യ കണ്ട ഏറ്റവും മികച്ച സൂപ്പര്‍ ഹീറോ ശക്തിമാന് വെള്ളിത്തിരയിലേക്ക് എത്തുകയാണ്. നിര്‍മ്മാണ കമ്പനിയായ സണ്‍പിക്ചേഴ്സാണ് ടീസര്‍ പങ്കുവെച്ചുകൊണ്ട് ശക്തിമാൻ തിരികെ വരുന്ന വിവരം അറിയിച്ചത്. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക. ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ഹീറോ പരമ്പരയാണ് ദൂരദര്‍ശനിലൂടെ പുറത്തുവന്ന ശക്തിമാന്. 1997 മുതല്‍ 2005 വരെയായിരുന്നു പ്രക്ഷേപണം.
ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടുന്ന അമാനുഷിക ശേഷിയുള്ള നായകനായിരുന്നു ശക്തിമാൻ. ശക്തിമാന് തിരിച്ചുവരുന്ന വിവരം ശക്തിമാന് കഥാപാത്രത്തെ അവതരിപ്പിച്ച മുകേഷ് ഖന്ന പറഞ്ഞിരുന്നെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുന്നത് ഇപ്പോഴാണ്. പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാന് എന്ന സൂപ്പര്‍ഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.
ശക്തിമാന്റെ ഉദയം കാണിക്കുന്ന ടീസറില്‍ പരമ്പരയിലുണ്ടായിരുന്ന മാധ്യമപ്രവര്ത്തകന് ഗംഗാധരന് ശാസ്ത്രിയുടെ സിഗ്നേച്ചര്‍ വസ്തുക്കളായ ക്യാമറ, കണ്ണട , ഐഡി കാർഡ് തുടങ്ങിയവക്കൊപ്പം കഥാപാത്രത്തിന്റെ നെഞ്ചിലുള്ള എംബ്ലവുമുണ്ട്. മുംബൈ നഗരത്തിന്റെ ദൃശ്യവും കാണാം. “മാനവരാശിയുടെ മേല്‍ ഇരുട്ടും തിന്മയും നിലനില്‍ക്കുന്നതിനാല്‍ അവന് മടങ്ങിവരാന്‍ സമയമായി”എന്ന വാചകവും വീഡിയോയിൽ നിന്നും വ്യക്തമാണ്.
മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റര്‍നാഷണലും ബ്രേവിങ് തോട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ചിത്രം പുറത്തിറങ്ങുന്നത്. മുകേഷ് ഖന്നയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ ശക്തമാനായെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകനടക്കം ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.