മോഹൻലാൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം “ആറാട്ടി”ന്റെ തീം സോങ് പുറത്തിറങ്ങി. രാഹുൽ രാജ് ഈണം പകർന്നിരിക്കുന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് ഇറക്കിയിരിക്കുന്നത്.
എം.ജി ശ്രീകുമാറും റാപ്പർ ഫെജോയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫെജോയും ഹരിനാരായണനും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. വില്ലന് ശേഷം മോഹൻലാലും ബി. ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.
ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. സംഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. വിജയ് ഉലകനനാഥ് ആണ് ഛായാഗ്രഹണം. ആർ.ഡി ഇല്ല്യൂമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്) എന്നിവരാണ് നിർമാണം.