മായാനദിക്ക് ശേഷം ടോവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് “നാരദൻ”. ടോവിനോ തോമസിനെയും അന്ന ബെന്നിനെയും കേന്ദ്രകഥാപത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേർന്നാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ കിട്ടുന്ന ഏറ്റവും പുതിയ വാർത്ത , ചിത്രം മാർച്ച് 3 മുതൽ തീയറ്ററുകളിലേക്ക് എത്തുന്നു എന്നതാണ്. ടോവിനോ തോമസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഈ കാര്യം ജനങ്ങളിലേക്ക് എത്തിച്ചത്.
സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ നാരദൻ ജനുവരി 27 ന് റിലീസ് ചെയ്യുമെന്നാണ് മുൻപേ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോൺ വേരിയന്റിന്റെ വ്യാപനവും കാരണം റിലീസ് നീട്ടുകയായിരുന്നു.
പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ ചന്ദ്രപ്രകാശ് എന്ന പേരിലാണ് ടോവിനോ പ്രത്യക്ഷപ്പെടുക. ഷറഫുദ്ധീൻ , വിജയരാഘവൻ , ബാലചന്ദ്രൻ ചുള്ളിക്കാട് , ജാഫർ ഇടുക്കി , ഇന്ദ്രൻസ് , ജോയ് മാത്യു , റാഫി , കുഞ്ചൻ , രഞ്ജി പണിക്കർ , ലുക്മാൻ തുടങ്ങിയവരും മറ്റുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് ഉണ്ണി.ആർ. ആണ്. ശേഖർ മേനോനാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. OPM സിനിമാസിന്റെ ബാനറിൽ OPM സിനിമാസ് തന്നെയാണ് ചിത്രത്തിന്റെ വിതരണവും നടത്തുന്നത്.