മലയാളികളുടെ മനം കവർന്ന നായിക നസ്രിയ തെലുങ്കിലേക്ക് ചുവടുമാറ്റത്തിനൊരുങ്ങുന്നു. നാനിയെ നായകനാക്കി വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്കിലേക്ക് കാലെടുത്തു വെക്കുന്നത്. ചിത്രം ജൂൺ 10ന് റിലീസ് ചെയ്യും. ഇതിനോടകം തന്നെ റൊമാന്റിക് കോമഡി എന്റർടെയ്നറായ ‘അണ്ടേ സുന്ദരാനികി’യുടെ ടീസർ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള താരത്തിന്റെ സിനിമയാണ് ‘അണ്ടേ സുന്ദരാനികി’. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലും തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതായും സൂചിപ്പിച്ചിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ദിവസം കൊണ്ട് 10 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.