കർണാടകയിൽ ഉണ്ടായി, രാജ്യമാകെ ചർച്ചയായ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്. ഹിജാബ് സ്ത്രീകളെ ദുർബലരാക്കുകയാണെന്ന് പറഞ്ഞ അവർ, ഈ വിഷയത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്കൂളുകളിൽ ധരിക്കരുതെന്നും ആവശ്യപ്പെട്ടു. ഒപ്പം ഹിജാബ് വിഷയത്തിൽ ഒരു സിനിമ നിർമിക്കുക എന്നതാണ് അടുത്ത പ്രൊജക്റ്റ് എന്നും കങ്കണ കൂട്ടിച്ചേർത്തു. കങ്കണയുടെ പുതിയ റിയാലിറ്റി ഷോയായ “ലോക്ക് അപ്പിന്റെ” പ്രൊമോഷൻ പരിപാടിക്കിടെയാണ് ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായത്.
കങ്കണയുടെ വാക്കുകളിലേക്ക് :
” സ്കൂളുകളിൽ ഒരിക്കലും ഹിജാബ് അനുവദനീയമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഈ വിവാദം ചിലർ ഉയർത്തിക്കൊണ്ട് വന്നത്. ഇത് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കും.
നേരത്തെ ജമ്മുകശ്മീരിൽ ഉന്നതവിജയം നേടിയ പെൺകുട്ടി തട്ടം ധരിക്കാത്തതിന് അവർക്കെതിര ഫത്വ പുറപ്പെടുവിച്ചു. നിങ്ങൾ സ്ത്രീകളെ ദുർബലരാക്കുകയാണ്. അവർക്കെതിരെ വധഭീഷണി ഉയരുന്നുണ്ട്. മോഡേൺ ലൈഫ് സ്റ്റൈൽ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ഈ മധ്യകാലഘട്ട പ്രത്യയശാസ്ത്രവുമായി എങ്ങോട്ടാണ് നമ്മൾ പോവുന്നത്.
യൂണിഫോം എന്ന് പറഞ്ഞാൽ എല്ലവരെയും ഒരേ പോലെ കാണാൻ വേണ്ടിയുള്ള ഒന്നാണ്. നിങ്ങളുടെ മതം, ജാതി, ലിംഗം എന്നീ വ്യത്യാസങ്ങൾ മാറ്റി വെച്ച് സ്കൂളിലേക്ക് ഒരു പോലെ വരൂ. ഈ വിഷയത്തിൽ എനിക്കേറെ സംസാരിക്കാനുണ്ട്. ഹിജാബ് വിഷയത്തിൽ ഞാൻ ഒരു സിനിമ നിർമ്മിക്കുന്നുണ്ട്. അതാണ് എന്റെ അടുത്ത പ്രൊജക്റ്റ് “