മലയാള സിനിമയുടെ മുഖങ്ങളിൽ ആരാധകർ എന്നും ഓർക്കുന്ന മുഖമാണ് സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ചടുലത നിറഞ്ഞ പോലീസ് വേഷങ്ങളും. ഏറെ നാളത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഒരുപാട് നല്ല ചിത്രങ്ങളുമായി വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ് സുരേഷ് ഗോപി. ആക്ഷൻ സ്റ്റാറായാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോൾ തന്റെ 253ാം സിനിമയെക്കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് താരം. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്.
ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കാണ് താരത്തിന്റെ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്. പേപ്പർ കട്ടിങ്ങുകൾക്കു മുകളിലായാണ് 253ാം ചിത്രത്തിന്റെ സൂചനകൾ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ സൂപ്പർഹിറ്റായ പത്രം സിനിമയുടെ രണ്ടാം ഭാഗമാണോ എന്നാണ് ആരാധകരുടെ കമന്റുകൾ.
1999ലാണ് സുരേഷ് ഗോപിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തിയ പത്രം റിലീസ് ചെയ്യുന്നത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. രണ്ടാം ഭാഗം സംവിധാനം ചെയ്യുക നിഥിൻ രഞ്ജി പണിക്കരാകുമെന്നും ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേത് തന്നെയാകുമെന്നും കമന്റുകളിൽ പറയുന്നു.
ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പൻ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിഐ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ.