ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം 100% സീറ്റിങ് ആയി തീയ്യറ്ററുകളിൽ ആളുകളെത്താൻ തുടങ്ങിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു. ആദ്യമായി മുഴുവൻ സീറ്റിങ്ങോട്കൂടി ഭീഷ്മപർവ്വമാണ് എത്തിയത്. പോയ വാരം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിന് തിയറ്ററുകളിൽ റെക്കോർഡ് ജനക്കൂട്ടമാണ്, സിനിമ റിലീസ് ചെയ്ത ഒരു വാരം കഴിഞ്ഞെങ്കിലും ഇപ്പോഴും തിയേറ്ററുകളിൽ വൻജനാവലിയാണ് ഭീഷ്മപർവം കാണുവാൻ. അതോടൊപ്പം കഴിഞ്ഞദിവസം സൂര്യ നായകനായ തമിഴ് ചിത്രം എതിർക്കും തുനിന്തവനും തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഭീഷ്മപർവത്തിന്റെ ബമ്പർ ഹിറ്റിനു ശേഷം ഇന്ന് മാത്രമായി പുതിയ മൂന്ന് ചിത്രങ്ങളാണ് തീയ്യറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
സൂപ്പർ ഹിറ്റായ രാജാധി രാജക്ക് ശേഷം മലയാളത്തിലെ ഹിറ്റ്മേക്കർ വൈശാഖ് ഒരുക്കുന്ന “നൈറ്റ് ഡ്രൈവ്” ആണ് ഇന്ന് റിലീസ് ചെയ്യുന്നതിൽ ഒരു മലയാള ചിത്രം. ഒരു രാത്രിയുടെ ദൈർഘ്യത്തിൽ ത്രില്ലർ സ്വഭാവത്തിൽ കഥപറയുന്ന ചിത്രം പതിവ് വൈശാഖ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി വമ്പൻ ക്യാൻവാസുകളോ വമ്പൻ താരങ്ങളൊ ഇല്ലാതെയാണ് എത്തുന്നത്. അന്ന ബെന്നും റോഷൻ മാത്യുവും ഇന്ദ്രജിത്തും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആൻ മെഗാ മീഡിയ നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതനായ അഭിലാഷ് വിലയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഇതുമുമ്പുള്ള സിനിമകളിൽ ചെയ്ത “ഫൈറ്റ് സീനുകളിൽ ഒന്നിന്റെ ബഡ്ജറ്റാണ് ഈ സിനിമയുടെ മൊത്തം ബജറ്റ്” എന്ന വൈശാഖിന്റെ വാക്കുകൾ വൈറലായിരുന്നു.
നായാട്ടിനു ശേഷം കുഞ്ചാക്കോ ബോബൻ ,ജോജു ജോർജ് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് “പട”. ഒപ്പം വിനായകൻ ,ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന “പട”യാണ് ഇന്നത്തെ മറ്റൊരു റിലീസ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി റിയലിസ്റ്റിക് ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിനു പ്രതീക്ഷകൾ ഏറെയാണ്. കമൽ കെഎം ആണ് ചിത്രം ഒരുക്കുന്നത്, സമീർ താഹിർ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നു. ഈ ഫോർ എന്റർട്ടമെന്റിന്റെ ബാനറിൽ സി വി സാരഥിയും മുകേഷ് മേഹത്തയും ആണ് ചിത്രം നിർമ്മിക്കുന്നത്
ബാഹുബലി നായകൻ പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ പ്രണയ ചിത്രം “രാധേശ്യാം” എന്ന തീയേറ്ററുകളിൽ റിലീസിനെത്തും. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വമ്പൻ കാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇലുമിനേഷൻ ആണ് ചിത്രം കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്.