സല്യൂട്ട് എന്ന ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചു നടൻ ദുൽഖർ സൽമാന് തിയേറ്റർ സംഘടനകളുടെ യൂണിയനായ ഫിയോക്ക് വിലക്ക് ഏർപ്പെടുത്തി. ദുൽഖർ സൽമാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കി.
തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചു. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലിവിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വെയ് ഫാറർ ഫിലിംസാണ് “സല്യൂട്ട്” നിർമ്മിച്ചിരിക്കുന്നത്.
ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രുസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് സല്യൂട്ട്.ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്റി, മനോജ് കെ. ജയൻ, ബിനു പപ്പു, സായികുമാർ, ദീപക് പറമ്പോൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.