സാക്ഷിയെ സ്വാധീനിക്കാൻ രാമൻ പിള്ള ശ്രമിച്ചു , തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു , നടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്താൻ ക്വട്ടേഷൻ കൊടുത്ത കേസിൽ നടൻ ദിലീപിൻറെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. അഭിഭാഷകരായ ഫിലിപ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയും നടി പരാതി നൽകി. ബാർ കൗൺസിൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.
രാമൻ പിള്ളയുടെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു, അഭിഭാഷകരായ ഫിലിപ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തി തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്.
നേരത്തെ രാമൻപിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ അഭിഭാഷകർ തന്നെ രംഗത്തുവന്നു. ഇത്തരത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്തെത്തിയതോടെയാണ് കേസ് കൂടുതൽ മാധ്യമശ്രദ്ധ നേടിയത്.