2018 ൽ സിനിമകളിൽ സജീവമായി പ്രവർത്തിക്കുന്ന നടിയെ ലൈംഗികമായി അക്രമിക്കപെട്ടതിനു ശേഷം പരാതി പരിഹാര സെൽ വേണമെന്ന ആവശ്യവുമായി WCC കോടതിയെ സമീപിക്കുന്നത്. എന്നാൽ 4 വർഷങ്ങൾക്കിപ്പുറം WCC ക്ക് അനുകൂലമായ വിധി വന്നിരിക്കുകയാണ്. സിനിമ സെറ്റുകളിൽ സംഭവിക്കുന്ന ചൂഷണങ്ങൾക്കും പ്രശ്നങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കുമെതിരെ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. WCCയുടെ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി അനുമതി നൽകിയത്. ഇതിനായി സുപ്രീം കോടതി മാർഗ നിർദേശങ്ങൾ നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വനിതാകൂട്ടായ്മയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു 2019ൽ സമിതി രൂപീകരിച്ചത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങൾ തേടുകയും സമിതിക്ക് മുന്നിൽ നിരവധി ലൈംഗികപീഡന പരാതികളും ഇതോടെ എത്തുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി സിനിമാ സെറ്റുകളിൽ പോഷ് നിയമം നടപ്പാക്കണമെന്നും ഐസിസികൾ രൂപീകരിക്കണമെന്നും സമിതി റിപ്പോർട്ട് നൽകി. സമിതി റിപ്പോർട്ട് സമർപ്പിച്ച് ഇപ്പോൾ രണ്ട് വർഷം പിന്നിടുമ്പോഴാണ് ഹൈക്കോടതി ഐസിസിയ്ക്കായി അംഗീകാരം നൽകുന്നത്.

മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് കഴിഞ്ഞ ദിവസം സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാൻ നിയമനിർമാണം അത്യാവശ്യമാണെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.