ബമ്പർ ഹിറ്റായി മാറിയ ചുരുളിക്കും ഹിറ്റുകളിൽ ഹിറ്റായി മാറിയ മമ്മൂട്ടിയുടെ ഭീഷ്മപർവ്വതിനും ശേഷം മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി നിർമിക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി. ഒരു മിനിറ്റ് ആറ് സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ ഉച്ചയുറക്കത്തിൽ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് കാണാൻ കഴിയുന്നത്. ടീസറിൽ അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
നർമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിർമാണക്കമ്പനിയുടെ പേരിൽ ലിജോയും മമ്മൂട്ടിയുമാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലായിരുന്നു. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു.
പേരൻപും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് കാമറ. പ്രമുഖ തിരകഥാകൃത്ത് എസ്.ഹരീഷാണ് “നൻപകൽ നേരത്ത് മയക്കം” സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചുരുളിയുടെയും തിരക്കഥ ഹരീഷ് തന്നെയാണ് എഴുതിയത്. തിയറ്റർ റിലീസ് ആയിട്ടാവും ചിത്രം പ്രദർശനത്തിനെത്തുക.