ചലച്ചിത്രപ്രേമികളുടെയും അനന്തപുരിയുടെയും സ്വന്തമായ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇരുപത്തിയാറാമത് അധ്യായയത്തിന് തിരശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. തിയ്യറ്ററുകളില്‍ നിന്നും തിയ്യറ്ററുകളിലേക്ക്, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സിനിമാപ്രേമികള്‍ ഒഴുകിയെത്തുന്ന എട്ട് ദിവസങ്ങള്‍. കലയും സര്‍ഗ്ഗാത്മകതയും ആസ്വാദനവുമെല്ലാം ഒത്തുകൂടുന്ന മേളക്കൊഴുപ്പിന്റെ മുഖം മിനുക്കുന്ന ഒരു സ്‌പെഷ്യല്‍ എഫക്ട് ഉണ്ട്. ഒന്നര പതിറ്റാണ്ടിലേറെയായി IFFK വേദികളെ കലയുടെ മുഖമുദ്രയാക്കി കാത്ത് സൂക്ഷിക്കുന്ന ഒരു അമരക്കാരന്‍, IFFKയുടെ ട്രെയിഡ് സീക്രറ്റ് ഹൈലേഷ് ടച്ച്.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ ഹൈലേഷ് എന്ന ഹൈല കുമാറാണ് കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി IFFK വേദി ഒരുക്കുന്നത്. ഓരോ വര്‍ഷവും ഓരോ ആശയം കൂടിയാണ് ഹൈലേഷ് തന്റെ സര്‍ഗ്ഗാത്മകതയിലൂടെ പറഞ്ഞു വയ്ക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഘട്ടങ്ങളായി നടത്തിയ കഴിഞ്ഞ IFFKയില്‍ സാമൂഹിക അകലം പ്രമേയമാക്കി കയര്‍ ഉപയോഗിച്ചാണ് ഹൈലേഷ് വേദിയൊരുക്കിയത്. എന്നാല്‍ ഇത്തവണ അതിജീവനം സൂചിപ്പിച്ച് കൊണ്ട് ഉപയോഗ ശൂന്യമായ ടയറുകള്‍ ഉപയോഗിച്ചാണ് ടാഗോറില്‍ ഫെസ്റ്റിവല്‍ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തവണത്തെ IFFK വേദികളിലെ പ്രധാന ആകര്‍ഷണവും ഇത് തന്നെയാണ്.
ടയറിനു പിന്നിലെ ആശയത്തെക്കുറിച്ചുള്ള സിനിഡയറിയുടെ ചോദ്യത്തിന് ഹൈലേഷിന്റെ മറുപടി ഇങ്ങനെ. ‘പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ടായിരിക്കണം ഇത്തവണ വേദിയൊരുക്കേണ്ടത് എന്ന് നിശ്ചയിച്ചിരുന്നു. പൊതുവെ തേഞ്ഞു പോയ ടയറുകളെ റീടയറിങ്ങ് ചെയ്ത് വിണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനു പോലും അനുയോജ്യമല്ലാത്ത ടയറുകളാണ് വേദിയൊരുക്കാന്‍ ഉപയോഗിച്ചത്. കോവിഡ് പശ്ചാത്തലത്തിലാണ് നമ്മള്‍ ഇപ്പോഴും ഉള്ളത്, എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ ജീവിതം മുന്നോട്ട് തന്നെ സഞ്ചരിക്കണമെന്ന് സൂചിപ്പിക്കാനാണ് ടയര്‍ ഉപയോഗിച്ചത്.’
നിരന്തരം വ്യത്യസ്തകള്‍ കൊണ്ട് വരികയെന്നതാണ് ഹൈലേഷിന്റെ ലക്ഷ്യം. മുന്‍കാലങ്ങളില്‍, കയറും മുളയും എല്ലാം ഉപയോഗിച്ച് ഹൈലേഷ് ഇത്തരത്തില്‍ IFFK വേദികളെ അലങ്കരിച്ചിട്ടുണ്ട്. നിശാഗന്ധിയില്‍ പ്രധാന കവാടം ഇത്തവണ സംവിധായകരുടെ ചിത്രങ്ങള്‍ ഫിലിം ബോക്‌സിന്റെ ആകൃതിയിലാക്കിയാണ് ഒരുക്കിയത്. രാത്രി ഇതിനു മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ഓടികൂടുന്ന സിനിമാപ്രേമികളുടെ എണ്ണം ഹൈലേഷിന്റെ കലാസംവിധാന മികവിന് അടയാളമാണ്.
എട്ട് ദിവസം നീളുന്ന ഐഎഫ്എഫ്‌കെയുടെ പിന്നാമ്പുറത്തുള്ള അധ്വാനത്തിന്റെ തെളിവ് കൂടിയാണ് വേദികളിലെ അലങ്കാര പണികള്‍. ഹൈലേഷിന്റെ കീഴില്‍ അന്‍പതോളം കരങ്ങള്‍ ഒത്തുചേര്‍ന്ന് ഒരാഴ്ചയോളം അഹോരാത്രം അധ്വാനിച്ചാണ്, മേളയ്്ക്കുള്ള എല്ലാ വേദികളും സജ്ജമാക്കുന്നത്. ‘മേളയാരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരാഴ്ച മുന്‍പെങ്കിലും പണി തുടങ്ങണം, രാത്രിയും നിന്ന് ചെയ്താല്‍ മാത്രമേ സമയത്ത് ജോലി തീര്‍ക്കാനാകു.’ ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോറില്‍ തുടങ്ങി നിശാഗന്ധി വരെയും കലാസംവിധാനം ചെയ്യുന്നത് ഹൈലേഷ് നേതൃത്വം നല്‍കുന്ന ഇരുപത്തിയഞ്ചങ്ക സംഘം തന്നെയാണ്.

സിനിമാപ്രേമികളും സിനിമാപ്രവര്‍ത്തകരും ധാരാളം സംഗമിക്കുന്ന IFFKയുടെ വേദികള്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി ദൃശ്യവിസ്മയാക്കിയൊരുക്കിയ ഹൈലേഷ് ഒരു സിനിമയിലെങ്കിലും കലാസംവിധായകനാകാന്‍ പോകാത്തതെന്താണ് എന്ന ചോദ്യത്തിന് ഹൈലേഷ് ചിരിക്കുന്നു. ‘ഇരുപത്തിരണ്ട് വര്‍ഷമായി സൂര്യ കൃഷ്ണമൂര്‍ത്തി സാറിന്റെ നാടകങ്ങളും, ഫെസ്റ്റിവലുകളുമെല്ലാം ഒരുക്കുന്നത് ഞാനാണ്. ലെനിന്‍ രാജേന്ദ്രന്‍ സാറിനോടൊപ്പവും സഹകരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ 25ാം വാര്‍ഷിക പരിപാടിയില്‍ പതിനഞ്ചോളം സെറ്റുകള്‍ ഒരുക്കി. അതിനു പുറമെയാണ് മുടങ്ങാതെയുള്ള IFFK വേദികള്‍. ഇതിനിടയിലിനി സിനിമ..’ ഹൈലേഷ് ചിരിക്കുന്നു. ചലച്ചിത്ര മേളയും വേദികളും അദ്ദേഹത്തിന്റെ ജീവിതത്തോട് അത്രമാത്രം ഇഴുകി ചേര്‍ന്നിട്ടുണ്ട്. മേളക്കൊഴുപ്പിന്റെ ദൃശ്യഭംഗി ചോര്‍ന്നു പോകാതെ കാത്ത് സൂക്ഷിക്കുന്ന ദൗത്യമാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. മുഖ്യധാരയെക്കാളുപരി പിന്നണിയിലെ ഒരു ഹൈലൈറ്റ് ഹൈലേഷ് ഇഫക്ടാകാനാണ് അദ്ദേഹത്തിനിഷ്ടം. കാത്തിരിക്കാം, അടുത്ത IFFKയിലെ ഹൈലേഷിന്റെ പുതിയ പരീക്ഷണത്തിനായി.