കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച “ഡോക്ടർ” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രം “ഡോണിന്റെ” റിലീസ് പ്രഖ്യാപിച്ചു. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 25ന് പ്രേക്ഷകർക്ക് മുന്നിലെത്തും. തിയറ്ററിൽ തന്നെയാകും റിലീസ് എന്ന് ശിവ കാർത്തികേയൻ അറിയിച്ചു.
ആക്ഷൻ- കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമായ “ഡോണിൽ” എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ സംവിധായകൻ ഗൗതം മേനോനും ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തമിഴ്നാട്ടിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രമായിരുന്നു ഡോക്ടർ. റിലീസ് ദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്. ‘കോലമാവ് കോകില’ സംവിധായകന് നെല്‍സണ്‍ ദിലീപ്കുമാര് ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. കേരളത്തിലും ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.