നവാഗതനായ ബിബിൻ കൃഷ്ണ എഴുതി, സംവിധാനം ചെയ്ത് അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘21 ഗ്രാംസ്’ എന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോർ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്.
ദ് ഫ്രണ്ട് റോ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കർ, ലെന, അനു മോഹൻ, മാനസ രാധാകൃഷ്ണൻ, നന്ദു, ശങ്കർ രാമകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ചന്തുനാഥ്, മറീന മൈക്കിൾ, വിവേക് അനിരുദ്ധ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദർ, അപ്പു എൻ ഭട്ടതിരി എന്നിവർ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമൻ ആണ് പ്രൊഡക്‌ഷൻ ഡിസൈനർ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊജക്ട് ഡിസൈനർ നോബിൾ ജേക്കബ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.