മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞ്. ഇപ്പോഴിതാ സിനിമയ്ക്കായി എ ആർ റഹ്മാൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീധർ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മലയൻകുഞ്ഞിന്റെ ട്രെയ്ലർ ഡിസംബർ 24ന് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
‘ടേക്ക് ഓഫ്’, ‘സി യു സൂൺ’, ‘മാലിക്’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ മഹേഷ് നാരായണൻ ആണ് മലയൻകുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സെഞ്ച്വറി ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. സുഷിന് ശ്യാം ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന് കോസ്റ്റിയൂംസും വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമാണ രംഗത്തേക്ക് തിരിച്ചുവരികയാണെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസിൽ അവസാനമായി നിർമിച്ച ചിത്രം.ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിർമിച്ചതും പിതാവ് ഫാസിൽ തന്നെയായിരുന്നു.