തെറി വിറ്റ് കാശാക്കാനല്ല ‘ചുരുളി’ എന്ന സിനിമ എടുത്തതെന്നും ചിത്രത്തിന്റെ കഥ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങള്‍ എന്നും നടന് ചെമ്പന്‍ വിനോദ്. ആ സിനിമയിലെ കഥാപാത്രങ്ങള്‍ കുറ്റവാളികളാണ്. അവര്‍ പ്രാര്‍ത്ഥിച്ച് ഭക്ഷണം കഴിക്കുന്നവരായിരിക്കില്ല, അവര്‍ക്ക് അവരുടെതായ തീതിയുണ്ടാകുമെന്നും ചെമ്പന്‍ വിനോദ് കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍ വച്ച് സിനിമയിലെ വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
സിനിമ തുടങ്ങുമ്പോള്‍ തന്നെ അത് മുതിര്‍ന്നവര്‍ക്കുള്ളതാണെന്ന് എഴുതി കാണിക്കുന്നുണ്ടെന്നും കുട്ടികളെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ അത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. വിരല്‍ തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളിയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയുമില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നാണ് തോന്നുന്നത്. സിനിമ കാണാനും കാണാതിരിക്കാനും ഓപ്ഷനുണ്ട്. ചിലരെങ്കിലും അശ്രദ്ധമായി കുടുംബത്തോടൊപ്പം കണ്ട് പ്രയാസപ്പെടുന്നവരുണ്ട് എന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പുതിയ ചിത്രമായ ‘ഭീമന്റെ വഴി’യുടെ യുഎഇ പ്രദര്‍ശനത്തിനായാണ് ചെമ്പന്‍ വിനോദ് ദുബൈയില്‍ എത്തിയത്. ദേരയിലെ അല്‍ ദുറൈര് സെന്ററില്‍ നടന്ന പ്രദര്‍ശനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു താരം. സംവിധായകന് അഷ്റഫ് ഹംസ, കുഞ്ചാക്കോ ബോബന്, ജിനു ജോസഫ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, ചുരുളിയെ കോടതി വിമര്‍ശിച്ചിരുന്നു. ചുരുളി’യിലെ ഭാഷാ പ്രയോഗം അതിഭീകരമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ജസ്റ്റിസ് എന്‍. നഗരേഷാണ് ഇക്കാര്യം പറഞ്ഞത്. ചുരുളി ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.