വർഷങ്ങളുടെ ഇടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും മലയാള സിനിമയുടെ ഭാഗമാകാൻ തയ്യാറാവുന്നു. എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥയെ ആസ്പദമാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി വീണ്ടും ആൻ അഗസ്റ്റിൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സ്ത്രീശാക്തീകരണം പറയുന്ന ചിത്രമാണെന്നാണ് ചിത്രത്തിനാസ്പദമായ കഥയെഴുതിയ മലയാള സാഹിത്യകാരൻ എം മുകുന്ദൻ അറിയിച്ചത്. സിനിമയുടെ വിശേഷങ്ങൾ എം.മുകുന്ദൻ പങ്കുവെയ്ക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്.
”സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘ഓട്ടോറിക്ഷക്കാരൻറെ ഭാര്യ’. 2016 ൽ മാതൃഭൂമി വീക്കിലിയിൽ വന്ന ഒരു ചെറുകഥയാണ് ഇത്. ആ കഥ വികസിപ്പിച്ചെടുത്തതാണ് സിനിമ. ഞാൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം കൂടിയാണ് ഇത്. വളരെ രസകരമായ ഇരുപത് മിനിട്ടിൽ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോർത്തിണക്കിയാണ് ഒരു സിനിമയുടെ പൂർണ്ണതയിലേക്ക് എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.” എം മുകുന്ദൻ പറഞ്ഞു.
കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ.വി.അബ്ദുൾ നാസർ ആണ്ചിത്രം നിർമ്മിക്കുന്നത്.