‘‘സേതുരാമയ്യർ എന്ന കഥാപാത്രമായി വരുമ്പോൾ പശ്ചാത്തലത്തിൽ ഒരു ബിജിഎം വേണമെന്ന് മമ്മൂട്ടിക്കായിരുന്നു നിർബന്ധം. സംഗീതസംവിധായകൻ ശ്യാം അതു തന്റെ പ്രിയപ്പെട്ട അസിസ്റ്റന്റ് ദിലീപിനോടു പറഞ്ഞു. വ്യത്യസ്തമായൊരു ബീറ്റ് വേണം. അങ്ങനെ ദിലീപിന്റെ വിരലുകളിലാണ് ആ ബീറ്റ് ആദ്യം പിറന്നുവീണത്. ഒരു CBI ഡയറിക്കുറിപ്പിൽ മമ്മൂട്ടിയുടെ സേതുരാമയ്യർ നടന്നുവരുമ്പോൾ കേൾക്കുന്ന ആ ഈണം പിറന്നത് ദിലീപിന്റെ വിരൽത്തുമ്പിലാണ്. ശ്യാം ആ ഈണമാണു പിന്നീടു വികസിപ്പിച്ചത്. പിൽക്കാലത്ത് ഇതേ ദിലീപാണ് എ.ആർ.റഹ്മാനായി മാറിയത്.’’
അമ്പരപ്പിക്കുന്നൊരു സത്യം വെളിപ്പെടുത്തുകയാണ് എസ്.എൻ.സ്വാമി. ഈ ഓർമകൾ പങ്കുവച്ചിരിക്കുന്നത് രമേശ് പുതിയമഠം എഴുതിയ ‘‘മമ്മൂട്ടി: നാട്യങ്ങളില്ലാതെ നിറക്കൂട്ടുകളില്ലാതെ’’ എന്ന പുസ്തകത്തിലൂടെയാണ്. CBI പരമ്പരയിലെ അഞ്ചാമത്തെ സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്.

ഈയിടെ അന്തരിച്ച ഇതിഹാസതുല്യനായ സംവിധായകൻ കെ.എസ്.സേതുമാധവന്റെ ഓർമക്കുറിപ്പുകളിലൂടെയാണ് പുസ്തകം തുടങ്ങുന്നത്. ഒരുപക്ഷേ മരിക്കുന്നതിനുമുൻപ് ഏറ്റവുമൊടുവിൽ സേതുമാധവൻ മമ്മൂട്ടിയെക്കുറിച്ചെഴുതിയ ലേഖനവും ഇതായിരിക്കണം. മമ്മൂട്ടിക്ക് ആ പേരു ലഭിച്ച കഥ സേതുമാധവൻ പുസ്തകത്തിൽ ഇങ്ങനെയാണു പറയുന്നത്:
‘‘മൂന്നു സിനിമകളിലേ ഞാനും മമ്മൂട്ടിയും ഒരുമിച്ചു വർക്ക് ചെയ്തിട്ടുള്ളൂ. അറിയാത്ത വീഥികൾ, ആരോരുമറിയാതെ, അവിടത്തെപ്പോലെ ഇവിടെയും. അതിനുമുൻപ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ ചെറിയോരു റോൾ ചെയ്യാൻ വന്നതായി ഓർമയുണ്ട്. പി.ഐ. മുഹമ്മദ് കുട്ടിയെന്ന പേരു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. പ്രേംനസീറൊക്കെ ചെയ്തതുപോലെ പേരുമാറ്റിയാൽ നന്നാവുമെന്ന് പറയുകയും ചെയ്തിരുന്നു.’’