ആസിഫ് അലിയെ നായകനാക്കി മലയാളത്തിൽ വീണ്ടുമൊരു ത്രില്ലർ സൃഷ്ടിക്കാൻ ജീത്തു ജോസഫ്. കെ.ആർ. കൃഷ്ണകുമാറിന്റെ തിരക്കഥയിൽ ജീത്തു ജോസഫ് സംവിധാനം ചെയുന്ന “കൂമൻ” എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റ ടൈറ്റിൽ വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ആസിഫ് അലിയും ജീത്തു ജോസഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.
മരത്തിൽ തൂങ്ങിക്കിടക്കുന്ന പാമ്പും തുടർന്ന് കാണുന്ന മൂങ്ങയും പശ്ചാത്തലത്തിൽ തെളിഞ്ഞു വരുന്ന പൂർണ ചന്ദ്രനും ഏറ്റവും ഒടുവിൽ ഓടുന്ന യുവാവുമാണ് ടൈറ്റിൽ വീഡിയോയിൽ ദൃശ്യമാവുന്നത്. ഒടുവിൽ “കൂമൻ – The night rider ” എന്ന് ടൈറ്റിൽ തെളിഞ്ഞു വരികയും ചെയ്യുന്നുണ്ട്. തികഞ്ഞ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് പോസ്റ്ററും പശ്ചാത്തലസംഗീതവും നൽകുന്നത്.
വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകും. ഫെബ്രുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കും. പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ‘കൂമൻ’ നിർമിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. വിഷ്ണു ശ്യാം ആണ് സംഗീതം. വരികൾ വിനായക് ശശികുമാർ. ആർട്ട് രാജീവ് കൊല്ലം. കോസ്റ്റ്യൂം ഡിസൈനർ ലിന്റ ജീത്തു. പ്രോജക്ട് ഡിസൈൻ ഡിക്സൺ പൊടുത്താസ്. എഡിറ്റർ വി.എസ്. വിനായക്.