മധുരം സിനിമയുടെ വിജയത്തോട് കൂടി ജോജു ജോർജിനെ നായകനാക്കി എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ‘പുലിമട’യുടെ ചിത്രീകരണം ആരംഭിച്ചു. തമിഴ്നടി ഐശ്വര്യ രാജേഷ് ആണ് നായിക , ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയിൽ ഒരു സുപ്രധാന കഥാപാത്രമായെത്തുന്നു. ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പി.എസും ചേർന്നാണ് നിർമാണം. വേണുവാണ് ഛായാഗ്രഹണം. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം വേണു ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പുലിമടയിൽ ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്രമേനോൻ, സോനാ നായർ,ഷിബില, അഭിരാം, റോഷൻ,കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, സംവിധായകൻ ജിയോ ബേബി തുടങ്ങിയ വൻ താരനിരയാണുള്ളത്.