ജോജു ജോർജിനെ നായകനാക്കി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘പീസി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ് , രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് പോസ്റ്ററിൽ ഉള്ളത്.
കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. വിനീത് ശ്രീനിവാസൻ, ഷഹബാസ് അമൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്.