കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ‘മാരൻ’ ചിത്രത്തിന്റെ ആദ്യ ഗാനത്തിനൊരുങ്ങി ധനുഷും തമിഴ് റാപ്പർ അറിവും. ‘മാരൻ’ ചിത്രത്തിന്റെ സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കാർത്തിക് നരേന്റെ ചിത്രത്തിൽ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. ചിത്രത്തിൽ മലയാളി താരം മാളവിക മോഹനൻ ആണ് നായികയായി എത്തുന്നത്.
സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും കാർത്തിക് നരേൻ തന്നെയാണ്. അക്ഷയ്കുമാർ, സാറ അലിഖാൻ എന്നിവർക്കൊപ്പം അഭിനയിച്ച ‘അദ്രങ്കി രേ’ ആണ് ധനുഷ് അവസാനമായി അഭിനയിച്ച ചിത്രം. കൂടാതെ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാത്തിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ധനുഷിനനും സംയുക്തക്കും പുറമെ ആരൊക്കെയാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.