ആക്ഷൻ ഹീറോ ബിജു , 1983 തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച എബ്രിഡ് ഷൈൻ വീണ്ടും തന്റെ ഭാഗ്യതാരം നിവിനുമായി വരുന്നു ഒപ്പം ആസിഫ് അലിയും. നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന “മഹാവീര്യർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് അദ്ദേഹം ഇപ്പോൾ വെളിയിൽ വിട്ടിരിക്കുന്നത്. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ കഥ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റേതാണ്.
ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വലിയ കാന്‍വാസില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഒന്നായിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
എബ്രിഡ് ഷൈൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ചന്ദ്രമോഹൻ സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ഇഷാൻ ചാബ്ര, എഡിറ്റർ മനോജ്,സൗണ്ട് ഡിസൈൻ,ഫൈനൽ മിക്സിങ്-വിഷ്ണു ശങ്കർ,പിആർഒ എ.എസ്. ദിനേശ്.