ബിബിൻ ജോർജ്, ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ” തിരിമാലി ” എന്ന ചിത്രത്തിന്റെ ട്രെയിലർ സൈന മൂവീസ്സ് റിലീസ് ചെയ്തു. സസ്പെൻസ് നിറച്ച ഒരു ഫീൽ ഗുഡ് എന്റർടൈനറാവും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
കേരളത്തിലും നേപ്പാളിലും ചിത്രീകരിച്ച തിരിമാലി ദൃശ്യഭംഗിയിലും മികച്ചതാണ്. നേപ്പാൾ സൂപ്പർ താരം സ്വസ്തിമ കട്ക മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും തിരിമാലിക്കുണ്ട്. ഹരീഷ് കണാരൻ, സലിംകുമാർ, ഇന്നസെന്റ്, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ബിജിബാൽ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് നിർമിച്ച സിനിമയുടെ തിരക്കഥ സംവിധായകനൊപ്പം സേവ്യർ അലക്സും ചേർന്നാണ് എഴുതിയിരിക്കുന്നത്.