പ്രഭാസിന്റെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രം ആരും മറക്കാനിടയില്ല. താരത്തിന്റെ തന്നെ ഏറ്റവും പുതിയ ചിത്രമാണ് മാർച്ച് 11 നു തീയേറ്ററുകളിലെത്തിയ രാധേ ശ്യാം. പൂജ ഹെഡ്ഗേ നായികയായെത്തിയ ചിത്രം രാധാ കൃഷ്ണകുമാറാണ് സംവിധാനം ചെയ്തത്. പ്രഭാസ് നായകനായെത്തിയ “രാധേ ശ്യാമി”ന് മോശം പ്രതികരണങ്ങൾ ലഭിക്കുന്നതിൽ മനംനൊന്ത് താരത്തിന്റെ ആരാധകൻ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രഭാസിന്റെ കടുത്ത ആരാധകനായ 24കാരൻ രവി തേജയാണ് ചിത്രത്തിന് ലഭിച്ച മോശം പ്രതികരണങ്ങളിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. ആന്ധ്രാ സ്വദേശിയായ ഈ യുവാവ് കഴിഞ്ഞ ദിവസം സിനിമ കണ്ട് വീട്ടിലെത്തിയ ശേഷം ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിൽ നിരാശനായി അമ്മയോട് സംസാരിച്ചിരുന്നുവെന്നും വീട്ടിലെ സീലിങ്ങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിലെത്തുന്നത്. മുരളി ശർമ, പ്രിയദർശിനി, സത്യൻ, ജയറാം, സാഷാ ഛേത്രി തുടങ്ങിയവരാണ് രാധേ ശ്യാമിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. തെലുങ്കിന് പുറമേ, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്.