അല്പനേര ആശ്വാസത്തിന് ശേഷം ഈ വർഷവും രാജ്യത്തു ഒമിക്രോൺ പടരുന്നതോടെ വമ്പൻ സിനിമകളുടെ റിലീസ് എല്ലാം നീട്ടിവയ്ക്കാനുള്ള തീരുമാനത്തിലാണ് നിർമാതാക്കൾ. രാജമൗലി ചിത്രം ‘ആർആർആർ’ റിലീസ് മാറ്റിയതിനു പിന്നാലെ ഇപ്പോഴിതാ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാമും’ റിലീസ് നീട്ടിയ വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ജനുവരി 14നു തീരുമാനിച്ചിരുന്ന റിലീസ് മാർച്ച് മാസത്തിലേയ്ക്ക് നീട്ടുകയാണെന്ന് നിർമാതാക്കൾ അറിയിച്ചു.
ജനുവരി 7നായിരുന്നു രാജമൗലിയുടെ ‘ആർആർആർ’ റിലീസ് തീരുമാനിച്ചത്. സിനിമയുടെ പ്രമോഷൻ പരിപാടികളും അവസാനഘട്ടത്തിലായിരുന്നു. കോവിഡ് വ്യാപനം ശക്തമായതോടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതുപോലെ തന്നെ അയ്യപ്പനും കോശിയുടെയും തെലുങ്ക് പതിപ്പായ ‘ഭീംല നായക്കി’ന്റെയും റിലീസ് ജനുവരിയിൽ നിന്നും ഫെബ്രുവരി 25ലേക്ക് മാറ്റിയിരുന്നു.
ജനുവരി 14ന് തിയറ്ററുകളിലെത്തുന്ന അജിത് കുമാർ നായകനാകുന്ന ‘വലിമൈ’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രം. ദുല്‍ഖർ സൽമാന്റ ‘സല്യൂട്ട്’ എന്ന സിനിമയും അതേദിനം കേരളത്തിൽ റിലീസിനെത്തുന്നുണ്ട്.