തീയറ്റർ റിലീസ് എന്ന് പറഞ്ഞതിന് ശേഷം ഒടുവിൽ കൂറുമാറിയെന്ന പരാതിയുമായി ഫിയോക് ദുൽഖറിനെതിരെ വിലക്കേർപ്പെടുത്തിയ വിഷയം കെട്ടടങ്ങും മുൻപ് മറ്റൊരു ചിത്രം കൂടി ഓടിടി യിലേക്ക് പോകുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന “പുഴു” എന്ന ചിത്രമാണ് ഓടിടി റിലീസിനൊരുങ്ങുന്നത്. സിനിമയുടെ സംവിധാനം നിർവഹിച്ച റത്തീന തന്നെയാണ് പുഴു ഓടിടി റിലീസിനെത്തുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മാർച്ച് 18 നെത്തുന്ന ദുൽഖർ ചിത്രമായ സല്യൂട്ടും സോണി ലിവിലൂടെയാണ് പ്രദർശനത്തിനെത്തുന്നത്.
ബ്രഹ്മാണ്ഡ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്നു ഭീഷ്മപർവത്തിനു ശേഷം വരുന്ന മമ്മൂട്ടി റിലീസ് ചിത്രമാണ് പുഴു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാർവതി തിരുവോത്താണ് നായിക. അന്തരിച്ച പ്രിയ നടൻ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ അഭിനേതാക്കൾ നിറഞ്ഞ വലിയൊരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.
ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹർഷാദ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റിൽ പോസ്റ്റർ, ടീസർ എന്നിവ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസർ നൽകുന്ന സൂചന.
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജ് ആണ് നിർമാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സംഘട്ടനം മാഫിയ ശശി.