അടുത്തിടെയിറങ്ങിയ മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ തിയേറ്റർ റെസ്പോൻസിലൂടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. സിനിമയുടെ അഭിപ്രായം ചോദിക്കുമ്പോൾ അദ്ദേഹം നൽകിയ മറുപടികൾ സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായിരുന്നു. ചിത്രം ഇറങ്ങിയതിനു ശേഷം സന്തോഷിന്റെ വാക്കുകൾ ട്രോളുകൾ ആയും പ്രചാരണാർത്ഥം ആയും സോഷ്യൽ മീഡിയയിൽ പരക്കെ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൻറെ “ആറാടുകയാണ്” എന്ന് കമൻറ് വാട്ട്സ്ആപ്പ് ഫേസ്ബുക്ക് സ്റ്റിക്കറുകൾ ആയും, ഡിജെ റീമിക്സ് ആയും സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ ഏറ്റെടുത്തിരുന്നു.
എന്നാൽ ഇന്ന് തൻറെ ഫേസ്ബുക്ക് അക്കൗണ്ട് വഴി സന്തോഷ് പങ്കുവെച്ച ഇഷ്ട നടനെപ്പറ്റിയുള്ള കുറിപ്പ് ഏറെ ചർച്ചയാവുകയാണ്. സന്തോഷ് പങ്കുവെച്ച കുറിപ്പ് വായിക്കാം.
“കഴിഞ്ഞ 18 വർഷമായി ഞാൻ മോഹൻലാൽ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നു. എന്റെ കുടുംബത്തിൽ നിന്നുള്ള അധിക്ഷേപവും ചുറ്റിപ്പറ്റിയുള്ളവരിൽ നിന്നുമുള്ളവരുടെ കളിയാക്കലുകളും ഒടുവിൽ മോഹൻലാലിൽ നിന്നുള്ള അപമാനവും അല്ലാതെ എനിക്ക് എന്താണ് ലഭിച്ചത്.”
സമൂഹമാധ്യമങ്ങളിൽ താരമായ ശേഷം ഒരുപാട് അഭിമുഖങ്ങളും വിശേഷങ്ങളും സന്തോഷിന്റേതായി പുറത്തുവന്നിരുന്നു. വെറുമൊരു താരാരാധനക്കപ്പുറം മോഹൻലാലിനെക്കുറിച്ച് പുസ്തകം വരെ സന്തോഷ് പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ പരാമർശത്തെ പിന്തുണച്ചും ആശ്വാസം പകർന്നും നിരവധി കമൻറുകൾ ഫേസ്ബുക്ക് കുറിപ്പിൽ സുഹൃത്തുക്കൾ കമന്റ് ചെയ്തിട്ടുണ്ട്.