ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ജോജി. റിലീസിന് പിന്നാലെ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്, അതിന് കാരണമായത് ഒരു ശ്രീലങ്കൻ ടെലിഫിലിമും.
സിരസ ടിവി എന്ന ശ്രീലങ്കൻ ചാനലിൽ പ്രദർശിപ്പിക്കുന്ന ‘ബേണിംഗ് പീപ്പിള്‍’ എന്ന ടെലിഫിലിമിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തിരുന്നു. ജോജിയിൽ നിന്ന് പകർത്തിയതാണ് ടെലിഫിലിം എന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാകുന്നു. ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറിലെ എല്ലാ രംഗങ്ങളും തന്നെ ചിത്രത്തിൽ നിന്ന് പകർത്തിയതാണ്. സിനിമയിൽ ജോജിയെ പിതാവ് പനച്ചേൽ കുട്ടപ്പൻ ഭീഷണിപ്പെടുത്തുന്നതും പനച്ചേൽ കുട്ടപ്പൻ കുഴഞ്ഞു വീഴുന്നതുമെല്ലാം അതേപോലെ തന്നെ ട്രെയ്‌ലറിൽ കാണാം.

സംഭവം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. നിരവധി മലയാളികളാണ് സിരസ ടിവിയുടെ ഫേസ്ബുക്ക് പേജിൽ ട്രെയ്‌ലറിന് എതിരെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുങ്ങിയ ജോജി 2021ൽ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. തൊഴിൽ രഹിതനായ ജോജി എന്ന യുവാവ് സ്വത്തുക്കൾക്കായി തന്റെ പിതാവിനെയും സഹോദരനെയും കൊല്ലുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.