തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘എതിര്‍ക്കും തുണിന്തവന്‍’ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.
2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമാണ് സൂര്യയുടെ അവസാനമിറങ്ങിയ ചിത്രം. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മണികണ്ഠനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയും ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.