അജിത് കുമാർ, വിജയ്, സൂര്യ, ശിവകാർത്തികേയൻ, കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങി നിരവധി താരങ്ങളുടെ സിനിമകളാണ് തീയേറ്ററുകളിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്.
വലിമൈ :
എച്ച് വിനോദ് സംവിധാനം ചെയ്ത തമിഴ് ത്രില്ലെർ സിനിമയാണ് ‘വലിമൈ’. എച്ച് വിനോദിന്റെ നാലാമത്തെ ചിത്രമാണ് ഇത്. അജിത് കുമാർ നായകനായി എത്തുന്ന ചിത്രത്തിന്റെ ആദ്യത്തെ ട്രൈലെർ 2019ൽ ഇറങ്ങിയിട്ടും, കോവിഡ് പ്രതിസന്ധി കാരണം റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. എന്നിരുന്നാലും സിനിമയെ ആരാധകർ ഇപ്പോഴേ ഏറ്റെടുത്തിരിക്കുകയാണ്. 2022 ജനുവരി 13 ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ബീസ്റ്റ് :
ദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ സംവിധാനം ചെയുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്റർ ആദ്യം റിലീസ് ചെയ്തത്. മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗ്യാങ്സ്റ്റർ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റിൽ ആനിമേഷൻ. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. സൺ പിക്ചേഴ്സാണ് നിർമ്മാണം. 2022 ൽ പൊങ്കൽ റിലീസായാണ് ചിത്രം പ്ലാൻ ചെയ്യുന്നത്.
വിക്രം :
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കമൽഹാസൻ നായകനായി എത്തുന്ന ‘വിക്രം’. കമൽഹാസനൊപ്പം ഫഹദ് ഫാസിൽ ആദ്യമായി സ്ക്രീൻ പങ്കിടുന്ന ചിത്രം കൂടിയാണ് വിക്രം. മക്കൾ സെൽവം വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നരെയ്നും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് നായകനായ ‘മാസ്റ്ററി’നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. രാജ്കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രത്തിൻറെ നിർമ്മാണം, സംഘട്ടന സംവിധാനം അൻപറിവ്, നൃത്തസംവിധാനം ദിനേശ്, ശബ്ദ സങ്കലനം കണ്ണൻ ഗൺപത് എന്നിവരാണ്.‘വിക്രം’ 2022ൽ തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എതിർക്കും തുനിന്തവൻ :
പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സൂര്യ ചിത്രമാണ് ‘എതിർക്കും തുനിന്തവൻ’. സൺ പിക്ചേഴ്സ് ചിത്രം നിർമിക്കുന്നത്. സൂര്യയുടെ നാല്പതാമത് ചിത്രം കൂടിയാണ് ‘എതിർക്കും തുനിന്തവൻ’. പ്രിയങ്ക മോഹൻ, സത്യരാജ്, ശരണ്യ പൊൻവണ്ണൻ, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
പൊന്നിയിൻ സെൽവൻ :
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനെ കുറിച്ചുള്ള പ്രതീക്ഷകൾ പ്രേക്ഷകർക്ക് കുറച്ചൊന്നുമല്ല. പൊന്നിയിൻ സെൽവന്റെ വിശേഷങ്ങൾ ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ഓൺലൈനിൽ വലിയ ചർച്ചകളാണ്. വൻ താരനിരയുമായിട്ടാണ് പൊന്നിയിൻ സെൽവൻ എത്തുക. വിക്രം, ഐശ്വര്യ റായ്, കാർത്തി, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രം 2022ലാണ് പ്രദർശനത്തിന് എത്തുക.
അയലാൻ :
ആർ രവികുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് ‘അയലാൻ’. ചിത്രത്തിന്റെ നിർമാണം 24എഎം സ്റ്റുഡിയോസും കെജെആർ സ്റ്റുഡിയോയുമാണ്. ശിവകാർത്തികേയൻ നായകനായി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. ഛായാഗ്രഹണം നീരവ് ഷാ. ഈ വർഷം തന്നെ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അയലാൻ. ഇപ്പോൾ 2022ലേക്ക് പ്രദർശനം മാറ്റിയിരിക്കുകയാണ്. ഏലിയൻ ചിത്രമായ സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.