ഹരീഷ് പേരടിയെ കേന്ദ്രകഥാപാത്രമാക്കി രാധേശ്യാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘മധുര കണക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയാണ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഹരീഷ് പേരടിയുടെ സുഹൃത്ത് എ. ശാന്തകുമാര്‍ മരിക്കുന്നതിന് മുമ്പ് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് മധുര കണക്ക്.
” നാടകകാലത്ത് തുടങ്ങിയ സൗഹൃദമാണ് എനിക്ക് ശാന്തനുമായിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ശാന്തനെ മരണം കവര്‍ന്നു കൊണ്ടുപോയത്. രക്താര്‍ബ്ബുദ ബാധിതനായിരുന്നു. അതിനിടെ കൊവിഡും പിടികൂടി. ശാന്തന്റെ അകാല വിയോഗത്തിന് അത് വഴിവച്ചു. അതിനുമുമ്പ് അവന് എനിക്ക് എഴുതി നല്കിയ തിരക്കഥയാണ് മധുര കണക്ക്. നിരവധി നാടകങ്ങളെഴുതി സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ശാന്തന് സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതുന്നത് ഇത് രണ്ടാംതവണയാണ്. ആദ്യചിത്രം ഭൂമിയിലെ മനോഹര സ്വകാര്യമായിരുന്നു. മികച്ച സ്വഭാവനടനടക്കം സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ്. അതിനുശേഷമാണ് ശാന്തന് “മധുര കണക്ക്” എഴുതുന്നത്. ഒരു റിട്ട: കണക്ക് അദ്ധ്യാപകന്റെ ജീവിതം പറയുന്ന സിനിമയാണ്. ശാന്തന് സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ജീവന് വയ്ക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്’- ഹരീഷ് പേരടി പറഞ്ഞു.
ഇന്ദ്രന്‍സ്, ഹരീഷ് കണാരന്, സെന്തില്‍, നിഷ സാരംഗി എന്നിവരും താരനിരയിലുണ്ട്. എന്‍.എം. മൂവീസിന്റെ ബാനറില്‍ നസീര്‍ എം.എ. നിര്‍മ്മിക്കുന്ന ചിത്രം 20 ന് കോഴിക്കോട് ആരംഭിക്കും.