മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡോക്ടർ സ്ട്രെയിഞ്ച് ആൻഡ് ദി മൾട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സ്’. ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റിൽസ് എന്ന് തോന്നിക്കുന്ന ചില ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
ടോം ക്രൂസ് ഗ്രീൻ സ്‌ക്രീനിന്റെ പശ്ചാത്തലത്തിൽ അഭിനയിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. റോബർട്ട് ഡൗനീ ജൂനിയറിന്റെ ടോണി സ്റ്റാർക്കിനോട് സമാനമായ തരത്തിലാണ് ടോം ക്രൂസിന്റെ താടിയും. ചിത്രത്തിൽ ടോം ക്രൂസ് അയൺ മാനായി എത്തുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. എന്നാൽ ചിത്രത്തിന്റെ ആധികാരികതയിൽ ഉറപ്പില്ല.
ലിയോനാർഡോ ഡികാപ്രിയോ ചിത്രത്തിൽ സ്പൈഡർ മാനായി എത്തുമെന്നും അഭ്യൂഹമുണ്ട്. ഹ്യൂഗ് ജാക്മാൻ, റയാൻ റെയ്നോൾഡ്സ്, പാട്രിക്ക് സ്റ്റുവർട്ട്, ബെൻ അഫ്‌ലിക്ക്, എഡ്‌വേഡ് നോർട്ടൺ തുടങ്ങി നിരവധി താരങ്ങളുടെ പേരുകളും കേൾക്കുന്നുണ്ട്.

നേരത്തെയും ഇതിന് സമാനമായ ചില ലീക്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്‌പൈഡർ മാൻ നോ വേ ഹോമിന്റെ ചിത്രീകരണ സമയത്ത് ആൻഡ്രൂ ഗാർഫീൽഡ്, ടോബി മാക്ഗ്വയർ എന്നിവർ സിനിമയിൽ ഉണ്ടാകുമെന്നത് ഉൾപ്പടെ നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ ആ അഭ്യൂഹങ്ങളിൽ പലതും ശരിയാവുകയും ചെയ്തു.