അരുണ്‍ വൈഗയുടെ കഥയിൽ സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രം “ഉപചാരപൂർവ്വം ഗുണ്ട ജയന്റെ” റിലീസ് മാറ്റി വെച്ചു. സിനിമയുടെ നിർമ്മാതാവ് കൂടെയായ നടൻ ദുൽഖർ സൽമാൻ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി 28നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നത്.
“ഇപ്പോഴത്തെ അവസ്ഥകൾ കണക്കിലെടുത്ത് “ഉപചാരപൂർവ്വം ഗുണ്ട ജയന്റെ” റിലീസ് മാറ്റി വെക്കുക എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയിരിക്കുകയാണ്, ചിത്രം എത്രയും വേഗം റിലീസ് ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു”, ദുൽഖർ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ.
ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബു മോന്, ഹരീഷ് കണാരന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, വിജിലേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.