ആകാംഷയുടെ മുൾമുനയിൽ നിർത്താൻ വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് വരുന്നു. സസ്പെൻസ് ത്രില്ലറായി എത്തുന്ന ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാത്രി യാത്രയ്ക്കിടെ അന്നയുടേയും റോഷന്റേയും കഥാപാത്രങ്ങൾ ദുരൂഹതയുള്ള ഒരു സംഭവത്തില്‍ കുടുങ്ങിപ്പോകുന്നതാണ് കഥയുടെ ഉള്ളടക്കം. പൊലീസുകാരന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുക.
നിഗൂഢത നിറച്ചുകൊണ്ടുള്ള ട്രെയിലർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സൂപ്പർഹിറ്റായ കപ്പേളയ്ക്ക് ശേഷം അന്നയും റോഷനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. സിദ്ദിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.