മോഹൻലാലിന്റെ ആറാട്ട് പോലെ തന്നെ മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് തിയറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്നതാണ്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.
അമൽ നീരദിന്റേയും മമ്മൂട്ടിയുടേയും വലിയ ഹിറ്റായി മാറിയ ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് അമൽ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നത് എന്നതാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ബിഗ് ബിയുടെ തുടർച്ചയായ ‘ബിലാൽ’ പ്രഖ്യാപിച്ചിരുന്നു എങ്കിലും കോവിഡ് കൂടിയ പശ്ചാത്തലത്തിലാണ് ബിലാൽ മാറ്റി വെച്ച് ഭീഷ്മ പർവ്വം പ്രഖ്യാപിക്കപ്പെട്ടത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.